ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ കൂടുതല്‍ പേര് പിടിയിലായതായി റിപ്പോർട്ട്. ഉത്തര്‍പ്രദേശിൽ രണ്ട് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.
കാണ്‍പൂര്‍, ഹാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. യുപി പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) എന്‍ഐഎയും സംയുക്തമായി നടത്തിയ നീക്കത്തില്‍ കാണ്‍പൂരില്‍ നിന്ന് ഡോ. മുഹമ്മദ് ആരിഫ് (32) എന്നയാളെയാണ് പിടികൂടിയത്.
സംസ്ഥാന സര്‍ക്കാരിന് കിഴിലുള്ള ഗണേഷ് ശങ്കര്‍ വിദ്യാർഥി മെമ്മോറിയല്‍ (ജിഎസ്വിഎം) മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് ഡോ. ആരിഫ്.
ഹാപുര്‍ ജില്ലയിലെ ജിഎസ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഫാറൂഖാണ് കസ്റ്റഡിയിലുള്ള രണ്ടാമന് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് യുപിയില്‍ നിന്നും അഞ്ച് ഡോക്ടര്‍മാരെയാണ് ഇതുവരെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. ഷഹീന് സയീദ്, ഡോ. പര്‍വേസ് അന്‍സാരി, ഡോ. ഫാറൂഖ്, ഡോ. മുഹമ്മദ് ആരിഫ് എന്നിവരാണ് അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലുള്ളത്.
ജമ്മുകാഷ്മീരിൽ10 പേരാണ് സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്. പുല്‍വാമ, കുല്‍ഗാം, അനന്തനാഗ് ജില്ലകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.